ഇനി ഒരു ബന്ധവുമില്ല, അന്‍വറിനെ 'പുറത്താക്കി' സിപിഎം; വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് എം വി ഗോവിന്ദന്‍





ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ രീതികളെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. പാര്‍ട്ടിയുടെ അണികളുടെ പേരില്‍ ആളാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ഇത്ര കാലമായിട്ടും പാര്‍ട്ടിയുടെ അംഗമാകാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്ന് വന്ന അന്‍വറിന് വര്‍ഗ, ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ തുറന്നടിച്ചു.


ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച ശേഷമാണ് അന്‍വര്‍ പരാതി നല്‍കിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ട നിലപാടാണോ ഇത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആദ്യം പാര്‍ട്ടിയിലാണ് ആദ്യം പരാതി ഉന്നയിക്കേണ്ടത്. ഭരണപരമായ കാര്യങ്ങളാണെങ്കില്‍ സര്‍ക്കാരിന് മുന്‍പാകെ പരാതി നല്‍കണം. അല്ലാതെ പരാതി നല്‍കുന്നതിന് മുന്‍പ് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന നിലപാടല്ല. 


അദ്ദേഹം പാര്‍ട്ടിക്കും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പി സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്ത് പൊലീസ് തലപ്പത്ത് ചില മാറ്റങ്ങള്‍ വരുത്തി. അദ്ദേഹം ഭരണപരമായ പരാതികളാണ് നല്‍കിയത്. അതിനാല്‍ സര്‍ക്കാരിന്റെ നടപടി വിലയിരുത്തിയ ശേഷം പരിശോധിക്കാം എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. 


ആദ്യം അന്‍വര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. രണ്ടാമത്തെ കത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ കത്ത് പാര്‍ട്ടി പരിശോധിക്കുകയാണ്. അന്‍വര്‍ ഉന്നയിക്കുന്നത് പോലെ പരാതികള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരുന്നിട്ടില്ല. വേണ്ട പരിഗണന നല്‍കി തന്നെയാണ് പരാതികള്‍ പരിശോധിച്ച് വരുന്നത്. തുടര്‍ന്ന് ഞാന്‍ തന്നെ വിളിച്ച്് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി വി അന്‍വറിനെ ക്ഷണിച്ചു. മൂന്നാം തീയതി കാണാമെന്ന് പി വി അന്‍വര്‍ പറഞ്ഞു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ച് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം