സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്തുവച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതി; ഭര്‍ത്താവ് അറസ്റ്റില്‍




കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്തുവച്ച് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദു ഗണേഷിനെ ചവറ പോലിസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ പോലിസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പരാതി നല്‍കിയത്. ജൂണ്‍ 27നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഭര്‍ത്താവ് നന്ദുവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഭര്‍ത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്‌ടോപ് ചാര്‍ജറും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് നിരന്തരം മര്‍ദിച്ചുവെന്നാണ് പരാതി. സെപ്റ്റംബര്‍ 30ന് യുവതി നാട്ടിലെത്തി. തുടര്‍ന്ന് ചവറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു നന്ദു തിരുവനന്തപുരത്ത് എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് ചവറ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം