എന്താണ് മഞ്ഞപ്പിത്തം

 



മഞ്ഞപ്പിത്തം: പ്രതിരോധം 

സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക

ജില്ലയില്‍ മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. 


കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉള്‍പ്പെടെ ആകെ 579 കേസുകളും സംശയാസ്പദമായ 4 മരണങ്ങളും സ്ഥിരീകരിച്ച 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


  


എന്താണ് മഞ്ഞപ്പിത്തം


 

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. 


ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

 


പ്രതിരോധ മാര്‍ഗങ്ങള്‍


 •തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.


   ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.


• കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കിണര്‍ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.


• വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.


• പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.


• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.


• തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക.


• കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.


• വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.


രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുക. 


രോഗബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവര്‍ കഴിവതും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും കൂടുതല്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.