T20 World Cup 2026: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം; അയൽക്കാരെ തോല്പിച്ചത് 61 റൺസിന്
കൊളംബോ :പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ വൻവിജയം. 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 114 റൺസിലൊതുങ്ങി.34 പന്തുകളിൽ 44 റൺസെടുത്ത വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ഒഴികെ ആർക്കും ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കാൻ കഴിഞ്ഞില്ല. ജയത്തോടെ ഇന്ത്യ സൂപ്പർ 8-ലേക്ക് യോഗ്യത നേടി.
176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോൾ അവർക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവറിൽ ഫർഹാനെ പാണ്ട്യ പൂജ്യത്തിനു വീഴ്ത്തിയപ്പോൾ. സൈം അയൂബിനെയും നായകൻ സൽമാൻ ആഘയെയും ബുംറ മടക്കി.പവർ പ്ലേ അവസാനിച്ചപ്പോൾ 38/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ പാകിസ്താന് പിന്നെ തിരിച്ചുവരുവാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ഹർദിക് പാണ്ട്യ , ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റുകൾ എടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന ശക്തമായ സ്കോർ പടുത്തുയർത്തി. ബാറ്റിംഗ് വെല്ലുവിളിയായ പിച്ചിൽ ഓപ്പണർ ഇഷാൻ കിഷന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യൻ ഇന്നിംഗ്സിന് ഉറച്ച അടിത്തറ പാകി. 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറുകളും മൂന്ന് സിക്‌സുകളും പറത്തിയാണ് പാകിസ്ഥാൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കിയത്.
തുടക്കത്തിൽ അഭിഷേക് ശർമ്മ വേഗം പുറത്തായെങ്കിലും, ഇഷാൻ–തിലക് വർമ്മ കൂട്ടുകെട്ട് ഇന്നിംഗ്സ് പുനർനിർമ്മിച്ചു. തിലക് 24 പന്തിൽ 25 റൺസ് നേടി വിലപ്പെട്ട പിന്തുണ നൽകി. നായകൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസ് നേടി മധ്യനിരയെ നയിച്ചു. മധ്യഘട്ടത്തിൽ ചെറിയ ഇടവേള ഉണ്ടായെങ്കിലും അവസാന ഓവറുകളിൽ ശിവം ദുബെ 17 പന്തിൽ 27 റൺസ് നേടി സ്കോർ വേഗത്തിൽ ഉയർത്തി. പാകിസ്ഥാൻ ബൗളർമാരിൽ സൈം അയൂബ് മൂന്ന് വിക്കറ്റുമായി മിന്നിയപ്പോൾ, ഷാഹീൻ അഫ്രീദി, സൽമാൻ അഘ, ഉസ്മാൻ തരീഖ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Comments
Post a Comment