പുതിയതെരു-പാപ്പിനിശ്ശേരി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉന്നതതല യോഗം ചേർന്നു
പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉന്നതല യോഗം ചേർന്നു. ഗതാഗതക്കുരുക്കഴിക്കാനുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ഇവ പരിഗണിച്ച് അന്തിമ പരിഹാരത്തിനായി ചൊവ്വാഴ്ച ഉച്ച 12 മണിക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേരും.
കലക്ടറേറ്റിലെ യോഗത്തിന് ശേഷം വൈകീട്ട് അഞ്ച് മണിക്ക് ഗതാഗതക്കുരുക്ക് നേരിട്ട് പരിശോധിക്കാനായി പഴയങ്ങാടി റോഡ് ജംഗ്ഷൻ, പാപ്പിനിശ്ശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങളിൽ കെ വി സുമേഷ് എംഎൽഎ, എഡിഎം സി. പദ്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഈ റൂട്ടിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേണ്ടിയാണ് എംഎൽഎ മുൻകൈ എടുത്ത് യോഗം വിളിച്ചത്.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി അനിൽകുമാർ, മുൻ എംഎൽഎ ടിവി രാജേഷ്, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസ് ഐ പി. ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ് എച്ച് ഒ ടി പി സുമേഷ്, ദേശീയപാത കരാറുകാരായ വിശ്വസമുദ്ര പ്രതിനിധികളായ വിഎസ് ശ്യാംലാൽ, വി തുളസീധരൻ, ദേശീയപാത അതോറിറ്റി ലൈസൺ ഓഫീസർ കെ വി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment