18 മാസത്തിനിടെ കൊന്നത് 11 പേരെ; പഞ്ചാബിലെ ‘സീരിയൽ കില്ലർ’ പിടിയിൽ
18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറെ പഞ്ചാബ് പൊലീസ് പിടികൂടി. ചൗര സ്വദേശിയായ റാം സരൂപ് ഏലിയാസ് സോധിയാണ് പൊലീസിന്റെ പിടിയിലായത്.മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
മരിച്ചവരെല്ലാം പുരുഷന്മാരാണെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ വിളിച്ചുകയറ്റിയ ശേഷം ഇവരെ കാറിനുള്ളിൽ വെച്ച് കൊലപ്പെടുത്തി അവരുടെ പക്കൽ ഉണ്ടായിരുന്ന പണവും മറ്റും കൈക്കലാക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
ടോൾ പ്ലാസ മോഡ്രയിൽ ചായക്കട നടത്തി വന്നിരുന്ന 37കാരനെ കൊലപ്പെടുത്തിയ കേസിലാണ് റാം കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് താൻ പത്ത് പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്.
ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന രീതിയാണ് ഇയാൾ പിന്തുടർന്നത്. ചില സംഭവങ്ങളിൽ ഇഷ്ടികക പോലെയുള്ള വസ്തുക്കൾകൊണ്ട് തലയ്ക്കടിച്ചാണ് ഇയാൾ പലരേയും കൊലപ്പെടുത്തിയത്.ഫത്തേഗഡ് സാഹിബ്, ഹോഷിയാർപൂർ ജില്ലകളിലുള്ളവരാണ് ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
അതേസമയം ജില്ലയിലെ ഹീനമായ കുറ്റകൃത്യങ്ങളുടെ കേസുകൾ പരിഹരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി രൂപ്നഗർ സീനിയർ പോലീസ് സൂപ്രണ്ട് ഗുൽനീത് സിംഗ് ഖുറാന പറഞ്ഞു. കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ പൊലീസ് സംഘം രൂപീകരിച്ചതായും ഖുറാന പറഞ്ഞു.
Comments
Post a Comment