ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും, 3 മാസം പ്രായമുള്ള കുഞ്ഞടക്കം 2 സഹോദരങ്ങൾ മരിച്ചു. ദുരന്തത്തിൽ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ.
അഹമ്മദാബാദ്: വീട്ടിലുണ്ടാക്കിയ ദോശ കഴിച്ചതിനെത്തുടർന്ന് ഒരം കുടുംബത്തിലെ 2 പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു. അഹമ്മദാബാദിലെ ചന്ദ്ഖേഡ സ്വദേശികളായ വിമൽ പ്രജാപതിയുടെ മക്കളായ രാഹ (മൂന്ന് മാസം), മിശ്രി (4) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ വിമലും ഭാര്യ ഭാവന പ്രജാപതിയും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..
ഏപ്രിൽ 1ന് രാത്രി ഐഒസി റോഡിലെ ഒരു ഡയറിയിൽ നിന്നാണ് വിമൽ റെഡിമെയ്‌ഡ് ദോശമാവ് വാങ്ങിയത്. അന്ന് രാത്രി തന്നെ ദോശയുണ്ടാക്കി കഴിച്ച വിമലിന് പിറ്റേന്ന് രാവിലെ മുതൽ കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇയാൾ ചികിത്സ തേടി. എന്നാൽ ഭക്ഷണമാണ് വില്ലനായതെന്ന് തിരിച്ചറിയാതിരുന്ന കുടുംബം, പിറ്റേന്ന് അതേ മാവ് ഉപയോഗിച്ച് വീണ്ടും ദോശയുണ്ടാക്കി കഴിക്കുകയും 4 വയസ്സുകാരിയായ മിശ്രിക്ക് നൽകുകയും ചെയ്തു. വൈകാതെ ഭാവനയ്ക്കും കുട്ടിക്കും ശാരീരിക അസ്വസ്ഥതകൾ തുടങ്ങുകയായിരുന്നു..
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഏപ്രിൽ 4ന് മൂന്ന് മാസം മാത്രം പ്രായമുള്ള രാഹ മരിച്ചു. പിന്നാലെ ഏപ്രിൽ 5ന് രാവിലെ 4 വയസ്സുകാരിയായ മിശ്രിയും കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി. 3 മാസം പ്രായമുള്ള കുഞ്ഞിന് കട്ടിയുള്ള ആഹാരം നൽകാത്തതിനാൽ മരണകാരണത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ഭക്ഷ്യവിഷബാധയേറ്റ അമ്മ പാല്‍ നല്‍കിയത് വഴിയാണോ 3 മാസമുള്ള കുഞ്ഞിന് അണുബാധയേറ്റതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്..
സംഭവത്തിൽ ചന്ദ്ഖേഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. എന്നാൽ, അതേ ബാച്ചിൽപ്പെട്ട ദോശമാവ് പത്തോളം പേർക്ക് നൽകിയിരുന്നതായും അവർക്കൊന്നും കുഴപ്പമില്ലെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. വിശദമായ റിപ്പോർട്ടും ലാബ് പരിശോധനാ ഫലങ്ങളും പുറത്തുവന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൃത്യമായ വ്യക്തത ലഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment