തനിക്ക് അധ്യാപകനുമായി ബന്ധമെന്ന് സുഹൃത്തുക്കൾ പറഞ്ഞു പരത്തി, പരിഹാസം സഹിക്കവയ്യാതെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി...
ബംഗളൂരു: സഹപാഠികളുടെ നിരന്തരമായ പരിഹാസവും തെറ്റായ അപവാദ പ്രചാരണങ്ങളും മൂലം കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിനിയായ നിഖിതയെയാണ് (22) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
കോളേജിലെ ലക്‌ചററായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിലുടനീളം മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് നിഖിതയുടെ പിതാവ് ഉമാശങ്കർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു..
സഹപാഠികളുടെ പരിഹാസം അതിരുവിട്ടതോടെ നിഖിത വലിയ രീതിയിലുള്ള മാനസിക വിഷമത്തിലായിരുന്നു. മാതാപിതാക്കൾ മകൾക്ക് ആത്മവിശ്വാസം നൽകാനും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കാനും ശ്രമിച്ചിരുന്നുവെങ്കിലും കോളേജിലെ മാനസിക ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ സഹിക്കാനാവാത്ത മാനസികസമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തത്..
സംഭവസ്ഥലത്തുനിന്നും പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരുവിവരങ്ങൾ പിതാവ് ഉമാശങ്കർ പോലീസിന് കൈമാറി. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും കലാലയത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്..

Comments
Post a Comment