പൈലറ്റാകാൻ മോഹിച്ച പ്രിയങ്കയെ കടലെടുത്തു, വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ 19 വയസ്സുകാരിക്ക് ദാരുണാന്ത്യം...
വർക്കല: സുഹൃത്തുക്കളായ 3 യുവതികൾക്കൊപ്പം ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാന്‍ ഇറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന 2 യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിൻ്റെയും, മംമ്‌തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.
കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..
ബെംഗളൂരുവിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാൻ വർക്കലയിലെത്തിയത്. ഇടവ മാന്തറയിലെ ഹോംസറ്റേയിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ടാണ് കടലിൽ കുളിക്കാനെത്തിയത്. ബെംഗളൂരുവിൽ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർഥിനിയായിരുന്നു മരിച്ച പ്രിയങ്ക..

Comments
Post a Comment