എംപി ഫണ്ട്: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നൽകിയ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു

 



ജയിലിലേക്ക് പുസ്തകങ്ങൾ കൈമാറി


കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷനൽ ഹോമിലേക്ക് രാജ്യസഭ എംപിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് ഡോ. വി ശിവദാസൻ എംപി നിർവഹിച്ചു. ജീവിതത്തിൽ ജയിലറയും ഒരു അനുഭവമാണെന്നും അനുഭവങ്ങളിലൂടെയാണ് മനുഷ്യർ രൂപപ്പെടുന്നതും വളരുന്നതുമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷ വിമർശനത്തെയും ബഹുമാന്യതയോടെ സ്വീകരിക്കാനുള്ള പരിശീലനക്കളരിയായി ജയിലറയെ മാറ്റിത്തീർക്കുന്നതിനുള്ള ശ്രമം ഉണ്ടാവണം. 

ടി പത്മനാഭന്റെ രൂക്ഷ വിമർശനങ്ങളിൽ പോലും മാനവികതയുടെ അടയാളപ്പെടുത്തലുണ്ട്. അദ്ദേഹം എന്തുപറഞ്ഞാലും ആ പറയുന്നതിലെ ശരിയെ ഉൾക്കൊള്ളാനുള്ള മനസ്സ് ഞങ്ങൾക്കുണ്ടെന്നും എംപി പറഞ്ഞു. 

ജയിൽ ലൈബ്രറിയിലേക്ക് എംപി നൽകിയ പുസ്തകങ്ങൾ മുഖ്യാതിഥി ടി പത്മനാഭൻ കൈമാറി. തന്റെ യൗവ്വനം വരെ ജീവിച്ചത് ഈ ജയിലിന്റെ പരിസരത്താണെന്ന് അദ്ദേഹം പറഞ്ഞു. ബാല്യകാലത്ത് ഒഴിവുസമയം ചെലവഴിച്ചത് ജയിൽ പറമ്പുകളിലായിരുന്നു. അതിനാൽ ജയിൽ തനിക്ക് അന്യമായ സ്ഥാപനമല്ല. ചെറുപ്പം മുതലേ ഉള്ള വായനയെ ഈ ജയിൽ വളരെ സഹായിച്ചിട്ടുണ്ട്. അന്നേ ധാരാളം പുസ്തകം ഉണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലെ പുസ്തകങ്ങൾ എടുത്ത് വായിച്ച് വളർന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം ഓർമ്മിച്ചു. 96 വയസ്സുള്ള തനിക്ക് എൺപത് വർഷങ്ങൾക്കുമുമ്പ് വായിച്ച ആ പുസ്തകങ്ങളുടെ പേരുകൾ ഇപ്പോഴും ഓർത്തെടുക്കാനാവും. പക്ഷേ, ആ പുസ്തകങ്ങൾ ചിലപ്പോൾ പൊടിഞ്ഞുപോയിരിക്കാം-അദ്ദേഹം പറഞ്ഞു.

ജയിൽ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് എന്നിവർ വിശിഷ്ടാതിഥികളായി. റബ്‌കോ ചെയർമാൻ കാരായി രാജൻ, സെൻട്രൽ ജയിൽ ജോയിൻറ് സൂപ്രണ്ട് ഗിരീഷ് കുമാർ, വെൽഫെയർ ഓഫീസർ കെ രാജേഷ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, കെജെഇഒഎ ജനറൽ സെക്രട്ടറി പി ടി സന്തോഷ്, കെജെഎസ്ഒഎ സംസ്ഥാന സെക്രട്ടറി കെ പി സജേഷ് എന്നിവർ സംസാരിച്ചു. ജയിലിലെ തടവുകാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.